Wednesday, March 15, 2017

251 - Malayalam Grammar

കാരകം:

വാക്യത്തിൽ ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും തമ്മിലുള്ള അർത്ഥപരമായ ബന്ധത്തെയാണ് കാരകം എന്ന് വിളിക്കുന്നത്.

വാക്യഘടനാപരമായി, ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം.

‘രാമൻ രാവണനെ കൊന്നു‘ എന്ന വാക്യത്തിൽ ക്രിയ ചെയ്യുന്നയാളായതിനാൽ രാമൻ കർതൃകാരകവും ക്രിയയ്ക്ക് വിധേയമാകുന്നതിനാൽ രാവണൻ കർമ്മകാരകവുമാണ്. 'നാമവും ക്രിയയും തമ്മിലുള്ള യോജന കാരകം' എന്ന് കേരളപാണിനി കാരകത്തെ നിർവ്വചിച്ചിരിക്കുന്നു.

വിവിധ കാരകങ്ങൾ

കർത്താവ്: ക്രിയ നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.(കർത്തൃകാരകം)
  ഉദാ: പക്ഷി ചിലച്ചു.

കർമ്മം: ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിക്കുന്നുവോ അത്.(കർമ്മകാരകം)
  ഉദാ: പശുവിനെ അടിച്ചു.

സാക്ഷി: കർത്താവ് ക്രിയാനിർവ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.(സാക്ഷികാരകം)
  ഉദാ: കൃഷ്ണനോട് പറഞ്ഞു.

സ്വാമി: കർമ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.(സ്വാമികാരകം)
   ഉദാ: കുഞ്ഞിന് കൊടുത്തു.

കരണം: ക്രിയ നിർവ്വഹിക്കുന്നതിന് കർത്താവിന്റെ ഉപകരണം.(കരണകാരകം)
  ഉദാ: വടികൊണ്ട് അടിച്ചു.

ഹേതു: ക്രിയയുടെ കാരണം.(കാരണകാരകം)
  ഉദാ: മഴയാൽ നനഞ്ഞു.

അധികരണം: ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് എന്തോ അത്.(അധികരണകാരകം)

  ഉദാ: നിലത്ത് വീണു.

സമാസം:

സമാസം
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും.

തൽപുരുഷൻ
ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ
അസമാനാധികരണത്തിൽ.
  ഉദാ: ആനത്തല

കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
ഉദാ: നീലമേഘം – നീലയായ മേഘം
           ദിവ്യപ്രഭ – ദിവ്യമായ പ്രഭ

ദ്വിഗുസമാസം
പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
ഉദാ:
  പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
  ത്രിലോകം - മൂന്ന് ലോകങ്ങളും.
  സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
  പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
  പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.

അവ്യയീഭാവൻ
നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
ഉദാ:
  അനുദിനം - ദിവസം തോറും.
  സസ്നേഹം - സ്നേഹത്തോട് കൂടി.
  പ്രതിശതം - ഓരോ നൂറിനും

ദ്വന്ദ്വൻ
പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  ഉദാ: അച്ഛനമ്മമാർ

ബഹുവ്രീഹി
ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  ഉദാ :- ചെന്താമരക്കണ്ണൻ

സന്ധി:

‍വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയാണ്‌ വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്.

വർഗ്ഗീകരണം

സന്ധിയിലെ മാറ്റം

ലോപസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.
ഉദാ:-
  കൊടുത്തു + ഇല്ല = കൊടുത്തില്ല.
  വരിക + എടോ = വരികെടോ

മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
ഉദാ:-
  തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
  കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു

ആഗമസന്ധി

സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്‌ യകാരവകാരാദികൾ ആഗമിക്കുന്നത്.
ഉദാ:-
  തിരു + അനന്തപുരം = തിരുവനന്തപുരം
  പന + ഓല = പനയോല

മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
ഉദാ:-
  കാട്ടി + ഏൻ =കാട്ടിനേൻ

മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്‌, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.

  പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
  വക്കീൽ + മാർ > വക്കീൽ +അൻ+ മാര് ‍= വക്കീലന്മാർ

ദ്വിത്വസന്ധി

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി.
ഉദാ:-
  നിൻ + എ = നിന്നെ
  പച്ച + കല്ല്= പച്ചക്കല്ല്

പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്‌. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന്‌‌ വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ്‌ പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ, രാമകൃഷ്ണന്മാർ)

ആദേശസന്ധി

സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.
ഉദാ:-
  അവൻ + ഓടി = അവനോടി (/ൻ/ > /ന/)
  വിൺ + തലം = വിണ്ടലം (/ത/ > /ട/)
  നെൽ + മണി = നെന്മണി (/ല/ > /ന/)