Sunday, January 8, 2017

LD ക്ലാർക് - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സര്‍ക്കാര്‍ ഉദ്യോഗം LD ക്ലാര്‍ക്കിലൂടെ നേടാം

നിങ്ങളുടെ യോഗ്യത എന്തു തന്നെയായാലും സര്‍ക്കാര്‍ ഉദ്യോഗം നേടാന്‍ നിങ്ങള്‍ അര്‍ഹരാണ്. ഉദ്യോഗം നിങ്ങളുടെ ജന്മാവകാശമാണ്. ഇഷ്ടപ്പെട്ട ഉദ്യോഗം ഏറ്റെടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നു. ഈ കാര്യത്തില്‍ സര്‍ക്കാരിനോ PSC ക്കോ നിങ്ങളോട് ഒരു വിവേചനവും കാണിക്കാന്‍ സാധ്യമല്ല.

ഉദ്യോഗത്തിന് വേണ്ട യോഗ്യത എഴുത്തും വായനയും അറിയാവുന്നവര്‍ മുതല്‍ SSLC, +2 ബിരുദം, ബിരുദാനന്തരബിരുദം, സാങ്കേതിക യോഗ്യതകള്‍ എന്നിവ ഉള്ളവര്‍ക്കെല്ലാം അവയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗം നേടാം. നിങ്ങളെ ഉദ്യോഗത്തിലേക്ക് നയിക്കേണ്ടത് നിങ്ങളുടെ ആഗ്രഹത്തിനുപരിയായി സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. കാരണം മനുഷ്യന്റെ വിഭവശേഷിയാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ആസ്തി. അവ വേണ്ടവിധം പ്രയോജനപ്പെടുത്തുമ്പോഴാണ് വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും പുരോഗതി നേടാനാവുക. So more than you, society needs you to get a job. അനുയോജ്യമായ പ്രായം 18 വയസ്സ് പൂര്‍ത്തിയായി 36 വയസ്സ് വരെയുള്ള ഏവര്‍ക്കും PSC പരീക്ഷ അപേക്ഷിക്കാം.OBC ക്ക്‌ 39 വയസ്സുവരെയും SC/ST ക്ക്‌ 41 വയസ്സുവരെയും ഇളവ് നല്‍കിയിട്ടുണ്ട്. വിജയം മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിന് പരിഗണിക്കുന്നത് നിങ്ങളുടെ യോഗ്യതയുടെ മാര്‍ക്ക് അല്ല, മത്സരപരീക്ഷയില്‍ നിങ്ങള്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ SSLC, +2, Degree മുതലായ പരീക്ഷയില്‍ നിങ്ങള്‍ നേടിയ മാര്‍ക്കിന്റെ ഏറ്റക്കുറച്ചിലിന് ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട് പഠനകാലത്തെ നിങ്ങളുടെ കഴിവോ കഴിവുകേടോ ഒന്നും ഇപ്പോഴത്തെ വിജയത്തിന് തടസ്സമല്ല. ഇനിയുള്ള സമയം നിങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നനുസരിച്ചാണ് വിജയം തീരുമാനിക്കപ്പെടുക.

ആര്‍ക്കും വിജയിക്കാം

ഒരു പ്രത്യേക യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എങ്കിലും അടിസ്ഥാന യോഗ്യതാ പരീക്ഷയേക്കാള്‍ വളരെ ലളിതമാണ് PSC പരീക്ഷ. ഉദാഹരണത്തിന്‌ L.D. ക്ലാര്‍ക്കിന്റെ ഇപ്പോഴത്തെ യോഗ്യത SSLC യാണ്. എന്നാല്‍ SSLC പരീക്ഷയേക്കാള്‍ വളരെ ലളിതമാണ L.D.ക്ലാര്‍ക്ക് പരീക്ഷ SSLC ക്ക്‌ 10 പേപ്പറുകള്‍ ഉണ്ട്. എല്ലാം വിവരണാത്മകം. എല്ലാ പേപ്പറിലും വിജയിക്കണം. എന്നാല്‍ L.D.ക്ലാര്‍ക്കിന് 100 മാര്‍ക്കിന് 100 ചോദ്യങ്ങളുള്ള ഒറ്റ പേപ്പര്‍ പരീക്ഷ മാത്രം. അതും Objective Multiple Choice. മാര്‍ക്ക് ചെയ്താല്‍ മാത്രം മതി

എന്തുകൊണ്ട് എല്ലാവരും സര്‍ക്കാര്‍ ഉദ്യോഗം നേടുന്നില്ല?
ഉദ്യോഗം നേടിയേ തീരൂ എന്ന വാശിയോടെ ലഭ്യമായ മുഴുവന്‍ സമയവും സമര്‍പ്പിച്ച് നിരന്തരം തയ്യാറെടുക്കുന്ന ആര്‍ക്കും ഉദ്യോഗം നിഷേധിക്കപ്പെട്ടിട്ടില്ല. പലര്‍ക്കും വിജയം നിഷേധിക്കപ്പെടുന്നത് പല കാരണങ്ങളാലാണ്.

വ്യക്തമായ ലക്ഷ്യബോധത്തിന്റെ അഭാവം
തയ്യാറെടുപ്പിനുള്ള സമയക്കുറവ്
നിരന്തരമായുള്ള തയ്യാറെടുപ്പിന്റെ അഭാവം
മോട്ടിവേഷന്റെ അഭാവം
അവബോധമില്ലായ്മ
വിജ്ഞാനത്തിന്റെ അഭാവം
ആത്മവിശ്വാസമില്ലായ്മ
ഇങ്ങനെ പോകുന്നു കാരണങ്ങള്‍.......

വിജയരഹസ്യം

വ്യക്തമായ ലക്ഷ്യബോധത്തോടെ, സമയബന്ധിതമായി തയ്യാറെടുത്ത്, മത്സരപരീക്ഷാ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടി, തുടര്‍ച്ചയായി മത്സരപരീക്ഷകളെ നേരിട്ട്, വെല്ലുവിളികളെ മറികടന്ന് മുന്നേറാനായാല്‍ സാമാന്യബോധമുള്ളവര്‍ക്കുപോലും IAS വരെ നേടിയെടുക്കാം.
L.D. ക്ലാര്‍ക്കിനെ അടുത്തറിയാം സര്‍ക്കാര്‍ സര്‍വ്വിസിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട entry post ആണ്‌ L.D. ക്ലാര്‍ക്ക്‍ കേരള സര്‍ക്കാരിന്റെ 30 ലേറെ വകുപ്പുകളിലേക്ക് ചേക്കേറാനുള്ള പ്രധാന കവാടമാണിത്. ഇങ്ങനെ ആ വകുപ്പുകളില്‍ പ്രവേശിക്കുന്നവരാണ് ഭാവിയില്‍ അവിടത്തെ നായകന്മാരായി മാറുക.

കേരള സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ റവന്യൂവകുപ്പിലേക്ക് ഒന്ന് എത്തി നോക്കാം. ഇപ്പോള്‍ L.D.ക്ലാര്‍ക്കായി അവിടെ നിയമിതരാകുന്നവരുടെ ഭാവി വളര്‍ച്ച തിരിച്ചറിയാം
IAS

ഡെപ്യൂട്ടി കളക്ടര്‍

തഹസില്‍ദാര്‍

ഡെപ്യൂട്ടി തഹസില്‍ദാര്‍

വില്ലേജ് ഓഫീസര്‍

Head Clerk

U.D.ക്ലാര്‍ക്ക്‌

L.D.ക്ലാര്‍ക്ക്‌
മുകളിലെ പട്ടികയില്‍ നിന്നും ഒരു കാര്യം മനസ്സിലായിരിക്കും.കേരളത്തിലെ 1572 വില്ലേജുകളിലെ Village Officers ആകണമെങ്കില്‍ ഒരു വഴി മാത്രമേ ഉള്ളൂ.L.D ക്ലാര്‍ക്കായി റവന്യൂവകുപ്പില്‍ പ്രവേശിക്കണം. മറ്റൊരു രീതിയിലും വില്ലേജ് ഓഫീസര്‍ ആകാന്‍ കേരളത്തില്‍ കഴിയില്ല. കേരളത്തില്‍ 75 താലൂക്കുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ജില്ലയുടെ അധിപന്‍ കളക്ടറാണെങ്കില്‍ താലൂക്കിന്റെ നേതൃത്വം തഹസില്‍ദാറില്‍ നിക്ഷിപ്തമാണ്. കേരളത്തില്‍ തഹസില്‍ദാര്‍ ആകാന്‍ ഒറ്റ പോംവഴിയേ ഉള്ളൂ.L.D.ക്ലാര്‍ക്കായി സര്‍വ്വീസില്‍ വരണം. വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങിയ ശക്തമായ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ L.D.ക്ലാര്‍ക്കിന്റെ പ്രമോഷന്‍ തസ്തികകളാണ്‌!

സംസ്ഥാനത്തെ റവന്യൂവകുപ്പിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടി കളക്ടറാണ്. കേരളത്തിലെ മൊത്തം ഡെപ്യൂട്ടി കളക്ടര്‍മാരില്‍ 80% L.D ക്ലാര്‍ക്കായി നേരിട്ട് സര്‍വ്വീസില്‍ പ്രവേശിച്ചവരാണ്.20% പേരെ മാത്രമേ ഡെപ്യൂട്ടി കളക്ടര്‍മാരായി PSC നേരിട്ട് നിയമിക്കുന്നുള്ളൂ. വളരെ ചെറുപ്പത്തില്‍ L.D ക്ലാര്‍ക്കായി സര്‍വ്വീസില്‍ പ്രവേശിച്ച് ഡെപ്യൂട്ടി കളക്ടര്‍മാരായി പിന്നെ IAS കണ്‍ഫര്‍ ചെയ്ത് കിട്ടിയ ചരിത്രവും ഉണ്ട്.

ഇത് റവന്യൂവിലെ L.D ക്ലാര്‍ക്കിന്റെ കഥ. ഇതുപോലെതന്നെയാണ് മറ്റു വകുപ്പുകളിലെ L.D.ക്ലാര്‍ക്കിന്റെയും വളര്‍ച്ച.
സത്യത്തില്‍ L.D.ക്ലാര്‍ക്ക് ഉദ്യോഗം L.Dക്ലാര്‍ക്ക് അല്ല. അത് സര്‍വ്വീസിന്റെ ആരംഭത്തില്‍ മാത്രം അറിയപ്പെടുന്ന പേരാണ്. L.D ക്ലാര്‍ക്ക് ഭാവിയിലെ ഡെപ്യൂട്ടി കളക്ടറാണ്... തഹസില്‍ദാരാണ്...

PSC L.D ക്ലാര്‍ക്ക് പരീക്ഷാ സിലബസ്

വിഷയം ചോദ്യങ്ങള്‍ മാര്‍ക്ക്
പൊതുവിജ്ഞാനം 50 50
ഇംഗ്ലീഷ് 20 20
മാനസികശേഷി 20 20
മലയാളം 10 10
ആകെ 100 100
കുതിക്കാം സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

L.D.ക്ലാര്‍ക്കിന്റെ പ്രാധാന്യം ഇപ്പോള്‍ മനസ്സിലായിക്കാണും. ഇനി ചിന്തിക്കാനൊന്നുമില്ല. ജീവിതവിജയത്തിന്റെ ഒറ്റമൂലി L.D ക്ലാര്‍ക്ക് തന്നെയാകട്ടെ. നിങ്ങളോടൊപ്പം പഠിച്ചവര്‍ ഒരു പക്ഷേ എന്‍ജിനീയര്‍ ആയിട്ടുണ്ടാകാം, ഡോക്ടര്‍ ആയിതീര്‍ന്നിരിക്കും. ടെക്‌നോപാര്‍ക്കില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ആയിട്ടുണ്ടാകാം. ചിലര്‍ അദ്ധ്യാപകര്‍, മറ്റു ചിലര്‍ ലക്ചറര്‍മാര്‍. അവര്‍ എന്തുമായിക്കൊള്ളട്ടെ. അവരെ എല്ലാം വെല്ലാവുന്ന പദവിയിലേക്ക് കുതിച്ച് മുന്നേറാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ശക്തമായ ഉദ്യോഗമാണ്‌ L.D ക്ലാര്‍ക്ക്. ഒരു വില്ലേജിന്റെ മൊത്തം അധികാരം കയ്യാളാവുന്ന വില്ലേജ് ഓഫീസര്‍, ഒരു താലൂക്കില്‍ ഒരീച്ചപോലും അനങ്ങാന്‍ അനുവദിക്കാത്ത തഹസില്‍ദാര്‍, RDO ആയി പോലീസിന് പോലും വെടിവെക്കാന്‍ ഉത്തരവ് നല്‍കാന്‍ അധികാരപ്പെട്ട ഡെപ്യൂട്ടി കളക്ടര്‍, ഇതിനുമുമ്പില്‍ നേരത്തേ പറഞ്ഞ നിങ്ങളുടെ പഴയകാല സുഹൃത്തുക്കള്‍ പകച്ച് നില്‍ക്കും. ജീവിതത്തില്‍ വന്‍ അവസരങ്ങള്‍ കൈവിട്ടുപോയി എന്ന് നിങ്ങള്‍ക്കു തോന്നുന്നുവെണ്ടങ്കില്‍ ഇതാണ് അവസരം. ഈ തുറുപ്പുചീട്ട് ഏറ്റെടുത്ത് വന്‍ വിജയം നേടാം. നേടാന്‍ ഏറെയുണ്ട് ഈ ജന്മത്തില്‍. അതിനായി വേണ്ടത് ഒരു സര്‍ക്കാര്‍ ഉദ്യോഗം മാത്രം. അര്‍പ്പണബോധത്തോടെ, ചിട്ടയായി പഠിച്ച് ചരിത്രവിജയം നേടാം.